September 21, 2015

St. Thomas HS

St. Thomas Higher Secondary School, Manikkadavu

കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോരത്ത് പ്രകൃതി രമണീയമായ ഒരു കുടിയേറ്റ ഗ്രാമമാണ് മണിക്കടവ്.

മണിക്കടവ് നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമാണ് സെന്റ് തോമസ് ഹൈസ്കൂള്‍. 1940കളില്‍ തിരുവിതാംകൂറില്‍ നിന്നും കുടിയേറിയ കര്‍ഷക ജനത ഇന്നാട്ടിന്റെ മുഖഛായയ്ക്ക് മാറ്റം വരുത്തി.കുടിയേറ്റ കാലത്ത് കഷ്ടതകളും ദാരിദ്ര്യവുമായി മണ്ണിനെ പൊന്നാക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി ഇന്ന് മണിക്കടവ് വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടുകയാണ്.

ഒരുമയുടെയും സ്വരുമയുടെയും ഐക്യത്തിന്റെയും പാതകള്‍ അനവധി. 1956 നവംബര്‍23ാം തിയതി റവ.ഫാ.ജേക്കബ്ബ് നെടുമ്പള്ളി വികാരിയായതോടു കൂടി ഇവിടെ വളര്‍ച്ചയുടെ പടവുകള്‍ തുറക്കപ്പെട്ടു.

മണിക്കടവ് ജനതയുടെ പിതാവ് എന്നറിയപ്പെടുന്ന നെടുമ്പള്ളിയച്ചന്‍ തെളിയിച്ച ഐക്യദീപം ഇന്നാട്ടില്‍ ഇപ്പോഴും ശോഭ ചൊരിയുന്നു.

തങ്ങളുടെ മക്കളുടെ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് 1957ല്‍ സെന്റ്.തോമസ് യു.പി സ്കൂള്‍ സ്ഥാപിതമായി.ഹൈസ്കൂള്‍ വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായി അവശേഷിച്ചു. വളരെ ചുരുക്കം കുട്ടികള്‍ മാത്രം എടൂരും കിളിയന്തറയിലുമായി പഠനം നടത്തി.

1964ല്‍ ഉളിക്കല്‍ പഞ്ചായത്ത് ഹൈസ്കൂള്‍ വന്നതോടെ അല്പം ആശ്വാസമായി.

കാഞ്ഞിരക്കൊല്ലി,കലാങ്കി എന്നീ വിദൂരപ്രദേശങ്ങളിലെ കുട്ടികള്‍ക്കി പ്രയാസം നേരിട്ടു. ഹൈസ്കൂളിനു വേണ്ടിയുള്ള അര്‍ത്ഥപൂര്‍ണ്ണമായ ശ്രമം തുടങ്ങുന്നത് 1970കളിലാണ്.നിര്‍ഭാഗ്യവശാല്‍ അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍ കഴിഞ്ഞില്ല.

1975ല്‍ സര്‍ക്കാര്‍ വീണ്ടും എയ്ഡഡ് സ്കൂള്‍ അനുവദിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അന്നത്തെ വികാരി ഫാ.മാത്യു പോത്തനാമലയുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ച് പൊതുപ്രവര്‍ത്തകനായ ശ്രീ. ഫിലിപ്പ് തറപ്പത്തിന്റെ നേതൃത്വത്തിലുള്ള നിവേദക സംഘം മണിക്കടവ് നിവാസികളുടെ ഹൈസ്കൂള്‍ എന്ന സ്വപ്നം നേടുന്നതിന് വേണ്ടി ശ്രീ.സി.പി.ഗോവിന്ദന്‍ നമ്പ്യാരില്‍ വളരെയധികം സ്വാധീനിച്ചു.

ശ്രീ.സി.പി.ഗോവിന്ദന്‍ നമ്പ്യാര്‍ എം.എല്‍.എ ഇടപെടലിനെ തുടര്‍ന്ന് സെന്റ്.തോമസ് ഹൈസ്കൂള്‍ അനുവദിക്കപ്പെട്ടു. 1976ജൂണ്‍ 7ന് ബഹുമാന്യനായ ഫാ.മാത്യു പോത്തനാമലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തിന്റെ വെച്ച് ശ്രീ.സി.പി.ഗോവിന്ദന്‍ നമ്പ്യാര്‍ ഭദ്രദീപം കൊളുത്തി സെന്റ്.തോമസ് ഹൈസ്കൂള്‍ ഉദ്ഘാടനം ചെയ്തു.

ഇല്ലായ്മയുടേയും വല്ലായ്മയുടേയും നാളുകള്‍.കെട്ടിട നിര്‍മ്മാണം വലിയ യജ്ഞമായിരുന്നു.ഓരോ ഇടവകാംഗങ്ങളുടേയും കായികാധ്വാനവും,കമ്മറ്റിയംഗങ്ങളുടെ വീടുവീടാന്തര പിരിവ് കെട്ടിട നിര്‍മ്മാണത്തിന്റെ മുതല്‍ക്കൂട്ടായിരുന്നു.

സ്ഥാപക മാനേജര്‍ ആ വര്‍ഷം തന്നെ സ്ഥലം മാറിപ്പോവുകയും റവ.ഫാ.ജോസഫ് വലിയകണ്ടം പുതിയ മാനേജരായി ചുമതലയേല്‍ക്കുകയും ചെയ്തു.റവ.ഫാ.ജോസഫ് വലിയകണ്ടത്തിന്റെ സേവന കാലത്താണ് സ്കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടന്നത്.

പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ.പി.ഐ സെബാസ്റ്റ്യന്‍ ,ശ്രീമതി.സിസിലി ഇ.ജെ,ശ്രീ.ജോസ് എന്‍.എം.,അന്നമ്മ അബ്രാഹം ത്രേസ്യാമ്മ വി.ജെ,ബ്രിജിറ്റ് സി.യു,സിസിലിക്കുട്ടി ജോസഫ്,മാത്യു വി.ജെ,ഫിലിപ്പോസ് എം.ഡി,ചാക്കോ കെ.ജെ,ലീല എം.ജി,ചന്ദ്രന്‍ സി,സണ്ണി ജോസഫ്,അബ്രാഹം കെ.എം,മേരി എ.ജെ,ജോണ്‍ പി.എം,ജോര്‍ജ്ജ് എന്‍.ജി,ലില്ലിക്കുട്ടി കെ.മാത്യു,മാരിയറ്റ് ജെ.മറ്റം,ജോര്‍ജ്ജ് എം.എസ്,മേരി പി.എസ്,ജോര്‍ജ്ജ് എം.ജെ ,ജോസ് പി എ , അഗ്സ്തി എന്‍ എ മാണിക്കുട്ടി ,മേരിഅബ്രാഹംഎന്നിവര്‍ ആദ്യകാല അധ്യാപകരാണ്.അനധ്യാപക ജീവനക്കാരായ ശ്രീ.കെ.എ ചാക്കോ,മുക്തിപ്രകാശ്,ബേബി പുഷ്പക്കുന്നേല്‍,ജോസ് പാണംചിറ എന്നിവരും ആദ്യകാലങ്ങളില്‍ സേവനം ചെയ്തിരുന്നു.

1979 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി ബാച്ചില്‍ 106 കുട്ടികള്‍ പരീക്ഷ എഴുതുകയും 96 പേര്‍ വിജയിക്കുകയും ചെയ്തു.തുടര്‍ന്നിങ്ങോട്ടും മെച്ചപ്പെട്ട പഠന നിലവാരം കാത്തുസൂക്ഷിക്കാന്‍ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ.പി.ഐ സെബാസ്റ്റ്യന്‍ 1981ല്‍ വെളിമാനം ഹൈസ്കൂളിലേയ്ക്ക് സ്ഥലം മാറി പോവുകയും തല്‍സ്ഥാനത്ത് ശ്രീ.കെ.റ്റി.ജോസഫ് നിയമിതനാവുകയും ചെയ്തു.1984-85 കാലഘട്ടത്തില്‍ ശ്രീമതി.സിസിലി ഇ.ജെ ഇന്‍ചാര്‍ജ്ജായി ജോലി ചെയ്തു.തുടര്‍ന്ന് ശ്രീ.കെ.എം ഉലഹന്നാന്‍ ഹെഡ്മാസ്റ്ററായി ചാര്‍ജ് എടുക്കുകയും 11വര്‍ഷത്തെ സേവനത്തിനു ശേഷം അദ്ദേഹം കിളിയന്തറ സ്കൂളിലേയ്ക്ക് സ്ഥലം മാറി പോവുകയും ചെയ്തു.

രജത ജൂബിലി വര്‍ഷമായ 2000-2001സമുചിതമായി ആഘോഷിക്കുകയുണ്ടായി.

പ്ലസ് ടു സ്കൂളിന് അടിസ്ഥാന കെട്ടിടം നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തോടെ ജൂബിലി സ്മാരക കെട്ടിടം നിര്‍മ്മിക്കപ്പെട്ടത് പി.ടി.എ യുടെ അഭിമാനാര്‍ഹമായ നേട്ടങ്ങളിലൊന്നാണ്.(4class room)ശ്രീ.സണ്ണി സാര്‍,എന്‍.എം ജോസ് സാര്‍ , കെ.ജെചാക്കോ സാര്‍ , എം.എം.സെബാസ്റ്റ്യന്‍ സാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫണ്ട് സ്വരൂപീകരണത്തിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.

2001-2003 വരെ കെ.ജെ അബ്രാഹവും,2003-2006വരെ കെ.ജെ ചാക്കോയും,2006-2009വരെ എന്‍.എം.ജോസും,2009-2011വരെ സണ്ണി ജോസഫും,2011-2014വരെ പി.എ.ജേണ്‍സണ്‍ സാറും സ്കൂളിന്റെ മുഖ്യ സാരഥികളായി വര്‍ത്തിച്ചു.

2014ഏപ്രില്‍ മാസത്തില്‍ ശ്രീ.പി.എ.ജോണ്‍സണ്‍ സാര്‍ പേരാവൂര്‍ ഹൈസ്കൂളിലേയ്ക്ക് സ്ഥലം മാറി പോവുകയും ശ്രീ.പി.എ മാത്യു ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിച്ചുവരുകയും ചെയ്യുന്നു.
ജൂബിലി വര്‍ഷം മുതല്‍ സെന്റ് തോമസ് ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.

മണിക്കടവ്,കാഞ്ഞിരക്കൊല്ലി,കാലാങ്കി പ്രദേശങ്ങളിലെ കുട്ടികള്‍ പ്ലസ് ടു വിദ്യാഭ്യാസത്തിന് എടൂര്‍,വെളിമാനം എന്നീ സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു.30-40 കി.മീ.താണ്ടിയുള്ള പഠനം ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു.

31-07-2014ഗവണ്‍മെന്റ് ഓര്‍ഡര്‍ പ്രകാരം മണിക്കടവ് ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. 16-09-2014ല്‍ പൊതുസമ്മേളനത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി ശ്രീ.കെ.സി ജോസഫ് ഭദ്രദീപം കൊളുത്തി.ഹയര്‍ സെക്കന്ററി സ്കൂള്‍ ഉദ്ഘാടനം ചെയ്തു.സയന്‍സ്-ബയോളജി,കംപ്യൂട്ടര്‍ കൊമേഴ് സ് ബാച്ചുകളിലായി നൂറോളം കുട്ടികള്‍ പഠിക്കുന്നു.

മണിക്കടവ്,കാഞ്ഞിരക്കൊല്ലി,കാലാങ്കി,മാട്ടറ,വട്ട്യാംതോട് പ്രദേശങ്ങളുടെ പുരോഗതിയില്‍ നിര്‍ണ്ണായക സ്വാധീനമാണ് മണിക്കടവ് ഹയര്‍ സെക്കന്ററി സ്കൂളിനുള്ളത്.രാജ്യത്തിനകത്തും പുറത്തും നിരവധി മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന വ്യക്തികളെ സൃഷ്ടിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞു.രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന നിരവധി സാങ്കേതിക വിദഗ്ധര്‍ ഈ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയവരാണ്.

എഞ്ചിനീയര്‍മാര്‍,ഡോക്ടര്‍മാര്‍,പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി ഒട്ടനവധി പേര്‍ ഈ ഗണത്തില്‍ പെടുന്നു.സ്കൂളിന്റെ പുരോഗതിയില്‍ ഉത്സുകരായ ഇവര്‍ നല്‍കുന്ന പിന്തുണ പ്രത്യേകം എടുത്തു പറയേണ്ടതാണ്.
മികച്ച കംപ്യൂട്ടര്‍ ലാബ്,സ്മാര്‍ട് ക്ലാസ് റൂം എന്നിവയുടെ നിര്‍മ്മാണത്തില്‍ ഇവര്‍ കാണിച്ച സഹകരണം സ്തുത്യര്‍ഹമാണ്.
പാഠ്യേതര രംഗങ്ങളിലും സ്കൂള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തി വരുന്നു.

കലാകായിക മേളകളിലൂടെ കുട്ടികളെ വളര്‍ത്തി കൊണ്ടുവരികയും വിവിധ മേഖലകളില്‍ അവര്‍ പുരോഗതി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. സ്കൗട്ട് ആന്റ് ഗൈഡ് ശ്രീ.ദേവസ്യ റ്റി.ഡി,ശ്രീമതി.പൗളിന്‍ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂരിലെ മികച്ച യൂണിറ്റായി പ്രവര്‍ത്തിക്കുന്നു.
ശ്രീ എം.എം.സെബാസ്റ്റ്യന്‍ സാറിന്റെ നേതൃത്വത്തില്‍ തലശ്ശേരി അതിരൂപതയിലെ മികച്ച എ.ഡി.എസ്.യു. യൂണിറ്റായി പ്രവര്‍ത്തിക്കുന്നു.

2011,2012 ,2014വര്‍ഷങ്ങളില്‍ എ.ഡി.എസ്.യു കലോത്സവത്തില്‍ മണിക്കടവ് ഹൈസ്കൂള്‍ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.സയന്‍സ് ക്ലബ്ബ്,മാത് സ് ക്ലബ്ബ്,ഐറ്റി ക്ലബ്ബ്,ഇക്കോ ക്ലബ്ബ് സോഎന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ സെന്റ്.തോമസ് ഹൈസ്കൂള്‍ നടത്തി വരുന്നു.